തൃശൂർ: മലയാളത്തിന്റ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂരിലെ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ ജയചന്ദ്രൻ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
1965-ൽ കുഞ്ഞാലി മരയ്‌ക്കാർ എന്ന സിനിമയിലെ ‘ഒരു മുല്ലപ്പൂ..മാലയുമായ്’ ഗാനമാലപിച്ചാണ് ജയചന്ദ്രൻ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. പി. ഭാസ്‌കരൻ രചിച്ച ഗാനമാണ് ‘ഒരു മുല്ലപ്പൂമാലയുമായി’. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിലെല്ലാം ജയചന്ദ്രന്റെ സ്വരമെത്തി. നക്ഷത്രങ്ങൾ, ട്രിവാനഡ്രം ലോഡ്‌ജ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരവും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സർക്കാരിന്റെ ജെ.സി ഡാനിയൽ പുരസ്‌കാരവും ജയചന്ദ്രൻ നേടി. ഒപ്പം അഞ്ചു തവണ കേരളത്തിന്റെയും രണ്ട് തവണ തമിഴ് നാടിന്റെയും സംസ്ഥാന ചലച്ചിത്ര പുസ്‌കാരങ്ങളും ജയചന്ദ്രൻ നേടി. ‘ശ്രീ നാരായണ ഗുരു’ എന്ന സിനിമയിലെ ‘ശിവ ശങ്കര ശരണ സർവ വിഭോ’ എന്ന ഗാനത്തിന് ജയചന്ദ്രന് ദേശീയ പുരസ്‌കാരം ലഭിച്ചു.
ഹൈസ്‌കൂൾ കാലഘട്ടത്തിലായിരുന്നു പി ജയചന്ദ്രൻ സംഗീത ലോകത്തേക്ക് വരവറിയിച്ചത്. മൃദംഗം വായിച്ചും ലളിതഗാനം ആലപിച്ചുമായിരുന്നു ജയചന്ദ്രന്റെ തുടക്കം. 1958ലെ സ്‌കൂൾ കലോത്സവത്തിൽ ജയചന്ദ്രനായിരുന്നു മൃദംഗ മത്സരത്തിൽ ഒന്നാം സ്ഥാനം. ഇതേ സ്‌കൂൾ കലോത്സവത്തിൽ വച്ചാണ് കെ.ജെ യേശുദാസിനെ ജയചന്ദ്രൻ പരിചയപ്പെടുന്നത്. അന്ന് യേശുദാസിനായിരുന്നു ശാസ്‌ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം.
1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്താണ് പി. ജയചന്ദ്രന്റെ ജനനം. ത്രിപ്പൂണിത്തുറ രവിവർമ കൊച്ചനിയന്റെയും സുഭദ്ര കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനാണ് പി. ജയചന്ദ്രൻ. കൊച്ചിയിലാണ് ജനനമെങ്കിലും ജയചന്ദ്രന്റെ കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹത്തിന്റെ കുടുംബം തൃശൂർ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയിരുന്നു. ഇരിങ്ങാലക്കുടയിലാണ് ജയചന്ദ്രൻ പഠിച്ചതും വളർന്നതും എല്ലാം. ഇരിങ്ങാലക്കുട ഹൈസ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രൻ ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ ബിരുദമെടുത്തു.