Trending

മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; 9 വര്‍ഷങ്ങൾക്ക് ശേഷം പ്രതി പിടിയില്‍


കോഴിക്കോട്: മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി ബിസ്മില്ല ഖൈർ വീട്ടില്‍ കെ അർഷാദിനെയാണ് ടൗണ്‍ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒൻപത് വർഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

2016ലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കർണാടകയിലെ നഞ്ചൻകോട് മുന്തിരിത്തോട്ടം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ ഫറോക്ക് സ്വദേശി കുര്യൻ ജേക്കബിന്റെ പക്കല്‍ നിന്നും പലപ്പോഴായി 47,75,000 രൂപ കൈവശപ്പെടുത്തുകയായിരുന്നു. എന്നാല്‍ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ കുര്യൻ പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ഉടൻ അർഷാദ് തമിഴ്‌നാട്ടിലേക്ക് മുങ്ങി. വർഷങ്ങളോളം തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ മാറി താമസിച്ച പ്രതി കഴിഞ്ഞ ദിവസം കോഴിക്കോട് മൂഴിക്കലിലെ സഹോദരിയുടെ വീട്ടില്‍ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപൂർവം ഇയാളെ വലയിലാക്കുകയായിരുന്നു. ‌

എസ്‌ഐ പി.കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ബിലാഷ്, അരുണ്‍ കുമാർ, സിപിഒമാരായ അരുണ്‍, സുഭിനി എന്നിവരടങ്ങിയ സംഘമാണ് അർഷാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post