കോഴിക്കോട്: നഗരത്തിലെ പഴം പച്ചക്കറി കടകളിൽ നേന്ത്രപ്പഴത്തിന്റെ വില 82 രൂപ. സാധാരണയായി 40 മുതൽ 50 രൂപ വരെയായിരുന്ന വിപണി വിലയാണ് ഒരാഴ്ചക്കിടെ കുത്തനെ ഉയർന്നത്. പാളയത്തെ മൊത്ത വ്യപാര മാർക്കറ്റിൽ ഒരു കിലോ നേന്ത്രപ്പഴത്തിന് 65 മുതൽ 72 വരെയാണ് വില. ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കെത്തുമ്പോൾ ഇത് 80 മുതൽ 85 വരെയാകും.
പ്രധാനമായും തമിഴ് നാട്ടിൽ നിന്നാണ് മാർക്കറ്റിലേക്ക് വാഴപ്പഴങ്ങൾ എത്തിക്കുന്നത്. തമിഴ് നാട്ടിൽ പൊങ്കൽ ആഘോഷം നടക്കുന്നതിനാൽ ലോഡ് എത്തിക്കുന്നതിലുള്ള കാലതാമസമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്നാണ് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്. പൊങ്കൽ കഴിഞ്ഞതിനാൽ ഇനി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു.
തമിഴ് നാട്ടിലെ തൃശിനാപ്പള്ളി, സേലം, കമ്പം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിക്കുന്ന ഗുണമേൻമയേറിയ നേന്ത്രപ്പഴത്തിന് വില ഇതിലും കൂടുതലാണ്. കദളി, പൂവൻ, റോബസ്റ്റ തുടങ്ങിയവയുടെ വിലയിൽ വലിയ കുതിപ്പ് ഉണ്ടായിട്ടില്ല. കദളിയ്ക്ക് കിലോയ്ക്ക് 45 മുതൽ 50 രൂപയാണ് വിപണി വില. വയനാട്ടിൽ നിന്നെത്തിക്കുന്ന പച്ചക്കായയ്ക്കും 40 രൂപവരെയാണ് നിലവിലെ വില.