കാസർകോട്: കാസര്‍കോട്ടക്ക് കടത്തുകയായിരുന്ന 73 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കോഴിക്കോട് ഉണ്ണികുളം സ്വദേശി അറസ്റ്റില്‍. ഉണ്ണികുളം ഒറാന്‍കുന്ന് സ്വദേശി പി.കെ ഷമീറി (42) നെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നു 73 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവും മൊബൈൽ ഫോണും പിടിച്ചെടുത്തു.
രഹസ്യവിവരത്തെത്തുടര്‍ന്ന് മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാപ്പനാട് ദേശീയപാതയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കു മരുന്നു കണ്ടെത്തിയത്. ഗോവയില്‍ നിന്നു കാസര്‍കോട്ടെക്കും മംഗ്‌ളൂരുവിലേക്കും മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പി.കെ ഷമീറെന്നു പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മുല്‍ക്കി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മംഗ്‌ളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, കെ. രവിശങ്കര്‍, സിസിബി എ.എസ്.പി മനോജ് കുമാര്‍ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പ്രതിയെ പിടികൂടിയത്.