Trending

വേങ്ങേരിയിൽ 48ാം ഗ്രാം മെത്താംഫെറ്റാമിനുമായി അത്തോളി സ്വദേശികൾ പിടിയിൽ


കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ മാരക മയക്കുമരുന്നായ 48 ഗ്രാം മെത്താംഫെറ്റാമിനുമായി രണ്ടുപേർ അറസ്റ്റിൽ. അത്തോളി സ്വദേശികളായ കൊടശ്ശേരി തച്ചൻ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ കെ.ടി (24), കൊടശ്ശേരി വെള്ളായിക്കോട്ട് വീട്ടിൽ അനന്തു (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങേരി പാലാട്ട് താഴം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് പ്രതികളെ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവും സംഘവും പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച KL.56.P.7551 എന്ന നമ്പർ സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

മുഹമ്മദ് ഫർഹാൻ ബസ് മാർഗ്ഗം ബാംഗ്ലൂരിൽ പോയി ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ വയനാട് സ്വദേശിയിൽ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ 50 ഗ്രാം മെത്താംഫെറ്റാമിൻ വാങ്ങി അനന്തുമായി ചേർന്നു കോഴിക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു. ഇന്നലെ രാത്രിയിൽ എരഞ്ഞിപ്പാലം സ്വദേശിക്ക് കൈമാറാൻ വരുമ്പോഴാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം നാലു തവണ ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തിക്കൊണ്ടു വന്നതായി പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാം പ്രതി അനന്തുവിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട്, ഫോൺകോൾ ഡീറ്റെയിൽസ് എന്നിവ വിശദമായി പരിശോധിച്ചു അന്വേഷണം വിപുലീകരിക്കുമെന്ന് അസിസ്റ്റൻറ് കമ്മീഷണർ ആർ.എൻ ബൈജു അറിയിച്ചു.

Post a Comment

Previous Post Next Post