കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്ര പുറപ്പെടുന്ന തീർത്ഥാടകരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി.
ഭൂരിപക്ഷം തീർത്ഥാടകരും മലബാറിൽ നിന്നുള്ളവരാകയാൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹ സാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി പോവുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ അധിക തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്.
കേരളത്തിലെ ഹജ്ജ് എംപാർക്കേഷൻ പോയിന്റുകളായ കരിപ്പൂർ, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളത്തിലേക്കുള്ള ആകാശപാതയിൽ വലിയ അന്തരമില്ലെന്നിരിക്കെ വിമാന ടിക്കറ്റ് നിരക്കിൽ കരിപ്പൂരിൽ മാത്രം 40,000 രൂപയോളം അമിതമായി ഈടാക്കാനാണ് എയർഇന്ത്യ എക്സ്പ്രസ് ടെൻഡറിൽ ശ്രമിക്കുന്നത്. ടെൻഡറിന് അന്തിമ അംഗീകാരം നൽകുന്നതിന് മുമ്പ് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതുസംബന്ധമായ നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.
ഹജ്ജ് വിമാന നിരക്ക് ഏകീകരിച്ച് കിട്ടുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളിൽ ഇതിനകം സംസ്ഥാനത്തിന്റെ ആവശ്യമറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പുരോഗതികൾ മന്ത്രിയെ അറിയിക്കുകയും ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തതായി ഹുസൈൻ സഖാഫി അറിയിച്ചു.