തൃശൂർ: തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് വിദ്യാർത്ഥിനികൾ വീണു. വെള്ളത്തിൽ മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.
16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തിൽ വീണത്. പട്ടിക്കാട് സ്വദേശികളായ നാലുപേരും പ്ലസ്ടു വിദ്യാർത്ഥികളാണ്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.
പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നാലുപേരും നിലവിൽ തൃശൂർ ജൂബിലി ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്.