കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും വൻ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 36 പേർ മരിച്ചു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും കൊല്‍ക്കത്തയിലും പ്രകമ്പനമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങള്‍ കൂടി മേഖലയില്‍ ഉണ്ടായതായാണ് എൻസിഎസ് ഡാറ്റ വ്യക്തമാക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02ന് പത്ത് കിലോമീറ്റര്‍ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 ന് 30 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തി.
2015ല്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000-ത്തോളം ആളുകള്‍ മരിക്കുകയും 22,000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.