Trending

കണ്ണൂരില്‍ പ്ലസ്ടു വിദ്യാത്ഥി ജീവനൊടുക്കിയ സംഭവത്തിൽ 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: സ്‌കൂൾ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ കമ്പില്‍ മാപ്പിള ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെഷന്‍. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് ഭവത് മാനവ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തിയതിയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഭവതിനെ കണ്ടെത്തിയത്. പ്ലസ്ടു സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയായിരുന്നു ഭവത് മാനവ്. 

ഈ മാസം എട്ടിന് സ്‌കൂളിലേക്ക് ഭവതിന്റെ മാതാവിനെ അധ്യാപകര്‍ വിളിപ്പിച്ചിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകരില്‍ നിന്ന് ക്രൂര പീഡനമുണ്ടായെന്ന് ഭവതിന്റെ മാതാവ് ആരോപിച്ചു. കുട്ടിക്ക് അടിയുടെ കുറവാണെന്നും നിങ്ങളുടെ മുന്നിലിട്ട് ഭവതിനെ അടിച്ച് ചവിട്ടിക്കൂട്ടണമെന്നും അധ്യാപകര്‍ പറഞ്ഞതായാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. മരണത്തിന് തലേ ദിവസം സ്‌കൂളില്‍ നിന്ന് അധ്യാപകന്‍ വിളിച്ചെന്നും ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്നും ആക്ഷേപമുണ്ട്.

പഠിക്കാന്‍ പിന്നോക്കമുള്ള കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ ഇടിമുറിയുള്‍പ്പെടെ സ്‌കൂളില്‍ ഉണ്ടെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കി. തുടർന്ന് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായെത്തിയതോടെയാണ് വകുപ്പുതല നടപടിയുണ്ടായത്. അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് പതിനഞ്ച് ദിവസത്തേക്ക് ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവി സസ്‌പെന്‍ഡ് ചെയ്തത്. ഫിസിക്‌സ്, ബോട്ടണി, ഗണിത ശാസ്ത്രം അധ്യാപകര്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുള്ളത്.

Post a Comment

Previous Post Next Post