തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തുടക്കം. എംടി വാസുദേവൻ നായരുടെ പേരിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. മുഖ‍്യമന്ത്രി അടക്കമുള്ളവർ വിളക്ക് തെളിച്ചതോടെ സ്കൂൾ കലോത്സവത്തിന് തുടക്കമായി. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 150,00തോളം പേർ മത്സരിക്കും. എട്ട് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്.
ഉദ്ഘാടന ചടങ്ങിന് മുൻപായി സ്വാഗത നൃത്തം അരങ്ങേറി. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ സംഘ നൃത്തം, ഒപ്പന, ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളി എന്നിവയാണ് ആദ‍്യ ദിവസത്തെ അരങ്ങേറ്റം. 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനുവരി 4 മുതൽ 8 വരെ കലോത്സവത്തിന്‍റെ കൂടെയുണ്ടാകണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.