തൃശൂര്‍: തൃശൂർ സർക്കാർ ചിൽഡ്രൻസ് ഫോമിൽ 15 വയസുകാരൻ പതിനേഴുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു. യുപി സ്വദേശി അങ്കിത് ആണ് മരിച്ചത്. ഇന്നലെ രാത്രി മർദ്ദിച്ചതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. സംഭവത്തിൽ കെയർടേക്കർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഇന്ന് കാലത്ത് ആറരയോട് കൂടിയായിരുന്നു സംഭവം. ഇന്നലെ രാത്രിയിൽ അങ്കിതും 15 വയസുകാരനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. അങ്കിത് 15 കാരന്‍റെ മുഖത്തിടിച്ചു. ആക്രമണത്തിൽ കുട്ടിക്ക് മുഖത്ത് പരിക്കേറ്റിരുന്നു. രാവിലെ എഴുന്നേറ്റ് പല്ലുതേയ്ക്കുമ്പോൾ വേദന അനുഭവപ്പെട്ടു. പിന്നാലെ ഫ്ളോറിൽ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ചുറ്റിക എടുത്ത് കിടന്നുറങ്ങുകയായിരുന്ന അങ്കിതിന്‍റെ തലക്കടിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023 ലാണ് കേരളത്തിൽ സ്ഥിരതാമസമാക്കിയ യുപി സ്വദേശിയായ അങ്കിത് ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്. ഒരുമാസം മുൻപാണ് 15 കാരൻ എത്തിയത്. 15 കാരൻ തന്നെയാണ് കൊലപാതകത്തിന്‍റെ കാരണം പൊലീസിനോട് പറഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. കുട്ടിക്ക് ലഭിക്കുന്ന തരത്തിൽ ചുറ്റിക എങ്ങനെ വന്നു എന്നും പരിശോധിക്കും.