കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു (11) ആണ് മരിച്ചത്. അപകടത്തില്‍ ഡ്രെെവറും ആയയും അടക്കം 20 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം നാലുമണിയോടെ കുട്ടികളുമായി പോവുകയായിരുന്ന ബസ് ഇറക്കത്തിൽ കീഴ്മേൽ മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ബസിനടിയിൽപ്പെട്ട കുട്ടിയാണ് മരിച്ചത്. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.