താമരശ്ശേരി: താമരശ്ശേരി ഓടക്കുന്നിൽ കെഎസ്ആർടിസി ബസും ലോറിയും കറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസിനും ലോറിക്കും ഇടയിൽപ്പെട്ട് ലോറി മറിയുകയും കെഎസ്ആർടിസി ബസിലെ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. സമീപത്തെ കടവരാന്തയിലേക്ക് നീങ്ങിയ ബസ് ഡ്രൈവർ ചാടിക്കയറി ഹാൻ്റ് ബ്രേക്കിട്ട് നിർത്തിയതിനാൽ മറ്റൊരു വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സിലുണ്ടായിരുന്ന 9 പേർക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കാർ യാത്രക്കാരായ അബുബക്കർ സിദ്ദീഖ്, ഷഫീർ, കൂടാതെ സാരമായി പരിക്കേറ്റ കാർ ഡ്രൈവറെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ധന്യ കരികുളം, സിൽജ വെണ്ടേക്കുംചാൽ ചമൽ, മുക്ത (12) ചമൽ, ചന്ദ്ര ബോസ് (48) ചമൽ, ലുബിന ഫർഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്സത്ത് പിണങ്ങോട് വയനാട്, കെഎസ്ആർടിസി ഡ്രൈവർ വിജയകുമാർ, കണ്ടക്ടർ സിജു എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.