Trending

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10 വരെ


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ പെൺകുട്ടികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവ (റിന്യൂവൽ) പുതുക്കുന്നതിനും അപേക്ഷ നൽകാം. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടിയിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദത്തിന് പഠിക്കുന്നവർക്ക് 5000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്ക് 6000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്ക് 7000 രൂപ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13000 രൂപ വീതവും പ്രതിവർഷം സ്‌കോളർഷിപ്പ് ലഭിക്കും. 

ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. http://minoritywelfare.kerala.gov.in വെബ് പോർട്ടൽ മുഖേനയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. 

ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2300524, 0471-2302090.

Post a Comment

Previous Post Next Post