Trending

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലുപേർക്ക് 5 വർഷം തടവ്


കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. 4 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് പുറപ്പെടുവിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരൻ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.

കൃത്യം നടന്ന് ആറു വർഷത്തിനു ശേഷമാണ് 24 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സംഘത്തിലെ 8 പേ‍ര്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പോലീസ് കസ്റ്റഡിയില്‍ നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ സിപിഎമ്മിലെ നാല് പ്രധാന നേതാക്കളാണുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ ഒന്നാം പ്രതി എ. പീതാംബരന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ്. പ്രതികളെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14-ാം പ്രതി കെ. മണികണ്ഠന്‍ ഉദുമ ഏരിയാ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ്. 20-ാം പ്രതി കെ.വി കുഞ്ഞിരാമന്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. 21-ാം പ്രതി രാഘവന്‍ വെളുത്തോളി പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കേസിൽ കോടതി വെറുതെ വിട്ടവരില്‍ പെരിയ ലോക്കല്‍ മുന്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, ഏച്ചിലടുക്കം ബ്രാഞ്ച് മുന്‍ സെക്രട്ടറി പി രാജേഷ് എന്നിവരും ഉൾപ്പെടുന്നുണ്ട്. വെറുതെ വിട്ട മറ്റ് എട്ടുപേരും പാര്‍ട്ടി പ്രവര്‍ത്തകരാണ്.

Post a Comment

Previous Post Next Post