തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 79.02 കോടി രൂപ അനുവദിച്ചു. പദ്ധതിക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലവന്‍സ് ഇനത്തിൽ 1 മുതൽ 8 വരെയുള്ള 13,16,921 കുട്ടികള്‍ക്ക് 600 രൂപ നിരക്കിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷം ബജറ്റിൽ സ്കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് വകയിരുത്തിയത് 80,34,00,000 രൂപയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും.
സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ. ഹൈസ്കൂളിലെ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600/- രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നല്‍കിവരുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.