തിരുവനന്തപുരം: പാലക്കാട് നിന്നും വിജയിച്ച കോണ്‍ഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആദ്യം യു.ആര് പ്രദീപ് സഗൗരവത്തിലും തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. യു.ആര് പ്രദീപ് രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങിൽ സന്നിഹിതരായി. യുആര്‍ പ്രദീപിന്റെ ഭാര്യയും മക്കളും രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തി.
നേതാക്കളും പ്രവര്‍ത്തകരുമെല്ലാമായി തിങ്ങിനിറഞ്ഞ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എംഎല്‍എയുടെ മുഖ്യപരിഗണനയെക്കുറിച്ച് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.
രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണിയെ കണ്ട് രാഹില്‍ മാങ്കൂട്ടത്തില്‍ അനുഗ്രഹം വാങ്ങി. പാളയം യുദ്ധ സ്മാരകത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായാണ് നിയമസഭാ മന്ദിരത്തിലെത്തിയത്. പാലക്കാടന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമെല്ലാം ചേര്‍ന്നാണ് രാഹുലിനെ വരവേറ്റത്