എലത്തൂർ: വിവാഹത്തിന് അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച എലത്തൂർ സ്വദേശി സൈനികനെ കാണാതായതായി പരാതി. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ കാണാതായത്. പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരുന്ന വിവരം തിങ്കളാഴ്ച അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതിന് പിന്നാലെയാണ് കാണാതാകുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കൾ എലത്തൂർ പൊലീസിൽ പരാതി നൽകിയത്. ചൊവാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. അമ്മയെ വിളിച്ചപ്പോൾ കണ്ണൂരിൽ എത്തിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. വിഷ്ണുവിന്റെ വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ പൂനെയിൽ തന്നെയാണെന്നാണ് കണ്ടെത്തൽ. മാത്രമല്ല ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം കാർഡ് വഴി 15,000 രൂപ പിൻവലിച്ചിട്ടുമുണ്ട്. പൂനെയിൽ വിവരമറിയിച്ചതിനെത്തുടർന്ന് സൈനികരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.