കൊടുവള്ളി: പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ്‌വൺ കണക്ക് അർദ്ധ വാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുമ്പ് പുറത്തായ സംഭവത്തിൽ യുട്യൂബ് ചാനലിന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ട പ്രത്യക്ഷപ്പെട്ട എം.എസ് സൊല്യൂഷൻ എന്ന യുട്യൂബ് ചാനലിന്റെ കൊടുവള്ളിയിലെ ഓഫീസിലാണ് പരിശോധന നടന്നത്. ആറു മണിക്കൂർ നീണ്ട പരിശോധനയിൽ ചാനലിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ചാനലിന്റെ സിഇഒ സുഹൈബിന്റെ വീട്ടിലും പരിശോധന നടന്നു.
സംഭവത്തിൽ എം.എസ് സൊല്യൂഷൻസിനെതിരെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയിൽ അവർ കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്. അദ്ധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാർക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
മുൻ കാലങ്ങളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു. കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ കൊടുവള്ളി എഇഒ എന്നിവരിൽ നിന്നാണ് വിവരങ്ങൾ എടുത്തത്. കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസ് അടക്കം ചോദ്യങ്ങൾ പ്രവചിച്ച മുഴുവൻ യൂട്യൂബ് ചാനലുകൾക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ്കുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എം.എസ് സൊല്യൂഷൻ യുട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്.