നന്മണ്ട: ഉള്ളിയേരി കൂമുള്ളി മിൽമ ബൂത്തിന് സമീപം ബസ് സ്ക്കൂട്ടറിൽ ഇടിച്ചു യുവാവ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അപകടത്തിനിടയാക്കിയ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് ഡ്രൈവർ പെരുവണ്ണാമുഴി സ്വദേശി കെ പി ആഷിദിൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. നന്മണ്ട ജോയിൻ്റ് റീജിണൻ ട്രാൻസ്പോർട്ട് ഓഫീസർ എം പി ദിനേശന്റെതാണ് നടപടി.
ഇക്കഴിഞ്ഞ നവംബർ 1 ന് വൈകിട്ട് 3 നായിരുന്നു ഒമേഗ ബസിടിച്ച് മലപ്പുറം സ്വദേശി രതീപ് ദാരുണമായി മരിച്ചത്. സ്കൂട്ടർ മറ്റൊരു വാഹനം തട്ടി മരിച്ചതെന്നായിരുന്നു ബസ് ജീവനക്കാർ ആദ്യം പോലീസിന് നൽകിയ മൊഴി. പിന്നീട് സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ മറ്റു നടപടി ഉണ്ടായില്ല.
തുടർന്ന് രതീപിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും വാർത്ത സമ്മേളനത്തിൽ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അതിനിടെയാണ് ഡിസംബർ 17ന് ആഷിദിൽ നിന്നും വാഹനപകടം സംബന്ധിച്ച് ലഭിച്ച മറുപടി തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ആഷിദിൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തെക്ക് റദ്ദാക്കാൻ (ഡിസംബർ 17 മുതൽ 2025 ഡിസംബർ 16 വരെ) ഉത്തരവിട്ടത്.