കക്കോടി: ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് അപകടം. തൊട്ടുപിന്നാലെ വന്ന കാര്‍ പെട്ടെന്ന് വെട്ടിച്ചു ബ്രേക്കിട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലത്ത് വീണ വയോധികൻ കാറിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുടയിൽ കുടുങ്ങിയ വയോധികൻ വീഴുന്നത് കണ്ട് കാര്‍ യാത്രക്കാരൻ കൃത്യസമയത്ത് തന്നെ ബ്രേക്ക് ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കക്കോടി പാലത്തിൽ വെച്ചു നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വഴിയോരങ്ങളിലും മറ്റും സാധനങ്ങള്‍ വിൽക്കുന്ന ഗുഡ്സ് ഓട്ടോയിലെ കുടയാണ് അപകടത്തിനിടയാക്കിയത്. വഴിയോരങ്ങളിൽ വിൽക്കാനുള്ള നാരങ്ങയും കയറ്റി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വലിയ കുടയും കെട്ടിവെച്ചിരുന്നു. വാഹനം ഓടിക്കുമ്പോള്‍ ഇത് മടക്കിവെച്ചിരുന്നില്ല. കക്കോടി പാലത്തിലെ വീതി കുറഞ്ഞ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് വേഗതയിൽ പോവുകയായിരുന്ന ഗുഡ്സിൽ നിന്ന് കുട കാറ്റിൽ താഴേക്ക് ചെരിഞ്ഞു. ഈ സമയം റോഡിലൂടെ എതിര്‍ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന വയോധികന്‍റെ മുഖത്തേക്കാണ് കുട വീണത്.
കുട വീണത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ വയോധികൻ പിന്നിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. പിന്നിൽ വന്ന കാര്‍ ഡ്രൈവര്‍ വയോധികൻ വീഴുന്നത് കണ്ടയുടനെ കാര്‍ വലത്തോട്ട് വെട്ടിച്ച് നിര്‍ത്തുകയായിരുന്നു. കാര്യമായ പരിക്കേൽക്കാതെ വയോധികൻ രക്ഷപ്പെട്ടെങ്കിലും കുട നിവര്‍ത്തിവെച്ചുള്ള ഇത്തരം അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.