റിയാദ്: സൗദിയിലെ ജിസാനിൽ വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് (38) ആണ് മരിച്ചത്. ഖമീസ് മുഷൈത്ത് ആസ്ഥാനമായ അൽഹിഷാം കോൺട്രാക്റ്റിംഗ് കമ്പനിയിലെ അലൂമിനിയം ഫേബ്രിക്കേഷൻ ടെക്‌നീഷ്യനായിരുന്നു. ഒമ്പതു വർഷമായി ജിസാനിൽ ജോലിചെയ്യുന്ന സുമേഷ് അടുത്തമാസം ആദ്യം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മെഷീനിൽ അലക്കുന്നതിടെയാണ് വൈദ്യുതാഘാതമേറ്റത്. സുഹൃത്തുക്കൾ നമസ്ക്കാരത്തിന് പോയതിനാൽ സുമേഷ് തനിച്ചായിരുന്നു അപകട സമയത്ത് റൂമിൽ ഉണ്ടായിരുന്നത്. സുഹൃത്തുക്കളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിതാവ്: സുകുമാരൻ. മാതാവ്: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.
Tags:
INTERNATIONAL