കണ്ണൂർ: കണ്ണൂര്‍ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നടന്ന വൻ കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽപക്കത്ത് താമസിക്കുന്ന ലിജീഷാണ് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴ കഴിഞ്ഞ നവംബർ 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. 1.20 കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. മുൻപും ഇയാൾ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി.
ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആറുമണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകിട്ട് ആറുവരെ ചോദ്യം ചെയ്തു. ഈ സമയത്തൊന്നും കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിക്കുന്നത്. പിന്നാലെ പ്രതിയെ വീട്ടിലെത്തിച്ച് തൊണ്ടി മുതല്‍ വീണ്ടെടുത്തു. കട്ടിലിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി പണവും സ്വര്‍ണ്ണവും ഒളിപ്പിച്ചുവെച്ചിരുന്നതായി കണ്ടെത്തി. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. ഈ വൈദഗ്ധ്യം ഉപയോഗിച്ച് കമ്പി തകര്‍ത്താണ് പ്രതി അകത്തുകയറി ലോക്കറില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചത്.
നേരത്തെ കണ്ണൂര്‍ കീച്ചേരിയിലെ വീട്ടില്‍ നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. അന്ന് തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. വിരലടയാളത്തിൽ നിന്നാണ് അന്ന് മോഷണം നടത്തിയത് ഇയാൾത്തന്നെയാണെന്ന് പോലീസിന് മനസ്സിലായത്. കട്ടിലിനുള്ളിലെ അറ നേരത്തെ നിര്‍മ്മിച്ചതാവാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. നേരത്തേ നടത്തിയ മോഷണങ്ങളിലെ പണവും സ്വര്‍ണവും സൂക്ഷിക്കാന്‍ വേണ്ടിയാവാം അറ നിര്‍മ്മിച്ചതെന്നും പോലീസ് കരുതുന്നു.