പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. പോസ്റ്റുകാര്‍ഡിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
സന്ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഗ്രാമപ്പഞ്ചായത്തില്‍ പരിശോധന നടത്തി. പേരാമ്പ്ര സി.ഐ ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.