ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യാൻ കല്ലാനോട്ടെത്തിയ സംസ്ഥാന ക്ഷീരവികസന-മൃഗക്ഷേമ മന്ത്രി ജെ. ചിഞ്ചുറാണിക്കു മുന്നിൽ പരാതിയുടെ കെട്ടഴിച്ച് ക്ഷീരമേഖലയിലെ അവാർഡ് ജേതാക്കളും കർഷകരും. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യമാണ് കർഷകർ മന്ത്രിക്കുമുന്നിൽ ഉന്നയിച്ചത്.
കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിത്യേന ഒട്ടേറെപ്പേരെത്തുന്നുണ്ട്. കൂരാച്ചുണ്ടിലെയും സമീപപ്രദേശങ്ങളിലെയും ക്ഷീരകർഷകരുൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഒട്ടേറെ പശു, പന്നി, കോഴി ഫാമുകളുള്ള മേഖലയായിട്ടും ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ മൃഗാശുപത്രിയിലില്ല. ബാലുശ്ശേരി ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന മേഖലയും കൂരാച്ചുണ്ടാണ്. കക്കയമുൾപ്പെടെ മലയോര മേഖലയിലുള്ള കർഷകർ മിക്കപ്പോഴും കിലോമീറ്ററുകളപ്പുറമുള്ള പേരാമ്പ്രയിലെ പോളിക്ലിനിക്കിനെ ആശ്രയിക്കേണ്ട സാഹചര്യം വാർത്തയായിരുന്നു.
മിൽമ മലബാർ യൂണിയനിലെ മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ കീർത്തി റാണി, ബാലുശ്ശേരി ബ്ലോക്കിൽ ഈ വർഷം ഏറ്റവുംകൂടുതൽ പാലളന്ന യുവകർഷകനുള്ള പുരസ്കാരം നേടിയ ദീപു അബ്രഹാം കിഴക്കേനത്ത് എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്. കൂരാച്ചുണ്ട് മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, പോളിക്ലിനിക്കായി ഉയർത്തണമെന്ന് അഭ്യർത്ഥിച്ച് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച്, മന്ത്രിക്ക് നിവേദനം നൽകി.