താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ടവീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവരുന്നത് തുടർക്കഥ. അടുത്തടുത്ത ദിവസങ്ങളിലായി താമരശ്ശേരി മഞ്ചട്ടിയിലെ രണ്ടുവീട്ടിൽ നിന്ന് ഏഴേകാൽ പവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. ഒരുവീട്ടിൽ കവർച്ചാശ്രമവും നടന്നു. വീട്ടുകാർ ബന്ധുവീടുകളിലും മറ്റും പോയി ദിവസങ്ങളോളം ആളില്ലാതാവുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും കവർച്ച നടക്കുന്നത്.
വീട്ടുകാരില്ലാത്ത സാഹചര്യവും പരിസരവുമെല്ലാം കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയശേഷമാണ് സി.സി.ടി.വി.യില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചകളെല്ലാം. താമരശ്ശേരി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടരുന്നുണ്ടെങ്കിലും കവർച്ച നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്.
താമരശ്ശേരി മഞ്ചട്ടിയിലെ രണ്ടുവീട്ടിൽ നടന്ന കവർച്ചയും ഒരുവീട്ടിൽ നടന്ന കവർച്ചാശ്രമവും ക്രിസ്മസ് ദിനത്തിന് തലേന്നാണ് പുറംലോകം അറിയുന്നത്. മൂന്നുദിവസമായി ആളില്ലാതിരുന്ന ശ്രീലക്ഷ്മിയിൽ മനോജിന്റെ വീട്ടിൽനിന്ന് 3.69 ലക്ഷം രൂപ വിലവരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്യപ്പെട്ട വിവരം 24-ന് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്.