തൃശൂര്‍: തൃശൂർ കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്‍റെ ഭാര്യ സിന്ധു (55) വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 8 മണിയോടെ സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെകുന്നേരം ഇവരുടെ വീടിനടുത്ത് മാസ്ക് വച്ച് ഒരു യുവാവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ബഹളം കേട്ട് അയൽവീട്ടിലെ സ്ത്രീ ശ്രദ്ധിച്ചപ്പോൾ സിന്ധുവിന്റെ വീട്ടിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നിറങ്ങി പാടം വഴി നടന്നു പോകുന്നതും കണ്ടിരുന്നു. പിന്നീടാണ് കൊലപാതക വിവരം അറിയുന്നത്.
വെട്ടേറ്റ് കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്റെ ശരീരത്തിലെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. സിന്ധുവിന് രണ്ട് മക്കളാണുള്ളത്. മകൾ വിവാഹിതയാണ്. മകൻ ജോലി സംബന്ധമായി മറ്റൊരു സ്ഥലത്താണുള്ളത്. ഗൾഫിലായിരുന്ന ഭർത്താവ് മണികണ്ഠൻ നാട്ടിൽ വന്ന ശേഷം വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു. മരിച്ച സിന്ധുവാണ് മില്ലിൻ്റെ നടത്തിപ്പ്.
പ്രതി കണ്ണൻ അസാധാരണമായി കറുത്ത വസ്ത്രങ്ങൾ ധരിച്ച് മാസ്ക് വെച്ച് എത്തിയതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. തുടർന്ന് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിന്ധുവിന്റെ സഹോദരീ ഭർത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്പി വ്യക്തമാക്കി. മോഷണശ്രമം മാത്രമല്ല മുൻ വൈരാഗ്യമുണ്ടെന്ന സംശയവും പോലീസിനുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.