പത്തനംതിട്ട: കോന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തനംതിട്ട കൊക്കാത്തോട് കോട്ടാംപാറയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. മംഗലത്ത് പൊന്നമ്മ എന്ന 75 വയസുകാരിക്കാണ് പൊള്ളലേറ്റത്.
പൊള്ളലേറ്റ ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. വീട്ടിലുണ്ടായിരുന്ന ഗ്യാസ് നിറച്ച മറ്റൊരു സിലിണ്ടർ പിന്നീട് മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവാക്കാനായി. പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല.
പുക ഉയരുന്നത് കണ്ടാണ് സമീപവാസികൾ ഓടി കൂടിയത്. തുടർന്ന് പൊള്ളലേറ്റ പൊന്നമ്മയെ അയൽവാസികൾ ചേർന്ന് രക്ഷിക്കുകയായിരുന്നു. ഭർത്താവ് നേരത്തെ മരിച്ച പൊന്നമ്മ ഒറ്റയ്ക്കാണ് താമസം, മക്കൾ ഉൾപ്പെടെ വിദേശത്ത് ജോലി ചെയ്യുകയാണ്.