ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി പൊയിൽ താഴെ കണ്ടെയ്നർ ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാരമായി പരിക്കേറ്റു. മീൻ കയറ്റിവന്ന കണ്ടയ്നർ ലോറി നന്മണ്ട സ്വദേശി ജി.കെ.വാമേഷിന്റെ ഉടമസ്ഥതയിൽ പൊയിൽ താഴെയുള്ള ഗാലക്സി മാർബിൾ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ചാവക്കാട് സ്വദേശിയായ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വൈദ്യുതി കാലും പൊയിലിൽ വിനോദിൻ്റെ തെങ്ങിൻ്റെ മുകൾ ഭാഗവും ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞു വീണു. കടയുടെ ചുറ്റുമതിലും, ഗേറ്റും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കടയ്ക്ക് മുൻപിലെ തെങ്ങിൽ ഇടിച്ചതിനാൽ ലോറിയുടെ മുൻഭാഗവും പാടെ തകർന്നു. അത്തോളി പൊലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
സ്ഥിരം അപകട മേഖലയായ ഇവിടെ സ്പീഡ് ബ്രേയ്ക്കർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവിശ്വത്തിന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.