കൊല്ലം: കൊല്ലം ചെമ്മാമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞു നിർത്തി വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർഫോഴ്സുമെത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിയുടെ നില ഗുരുതരമാണ്.
Tags:
KERALA NEWS