വടകര: വടകരയിൽ നിർത്തിയിട്ട കാരവാനിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹമായ നിലയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. കാരവാൻ ഉടമയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് മരണം സംബന്ധിച്ച് ഒന്നുമറിയില്ലെന്നും ഡിവെെഎസ്‌പി പറഞ്ഞു.
കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്. എസിയുടെ പ്രവർത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാർബൺ മോണോക്സൈഡാകാം മരണത്തിന് കാരണമായത്. ഇക്കാര്യത്തിൽ പൂർണമായ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയുവാൻ സാധിക്കുകയുള്ളൂവെന്നും ഡിവൈഎസ്പി പറഞ്ഞു.
മലപ്പുറം സ്വദേശി മനോജ് (49), കാസർകോട് സ്വദേശി ജോയൽ (29) എന്നിവരെയാണ് ഇന്നലെ രാത്രി 8.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവാന്റെ പുറകിൽ പുതച്ച നിലയിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. കാരവാനിൽ വാതിലിനോട് ചേർന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നത്. ഇയാളുടെ കയ്യിൽ വണ്ടിയുടെ താക്കോലും ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം