കോഴിക്കോട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബാലുശ്ശേരി ഉപജില്ല ജേതാക്കൾ. പന്തീരാങ്കാവ് ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ 16 ഉപജില്ലകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പേരാമ്പ്രയെ പരാജയപ്പെടുത്തിയാണ് ബാലുശ്ശേരി ജേതാക്കളായത്. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ ഹാരിസ് എം.പി, സവാദ് എന്നിവർ ബാറ്റിംഗിലും യാസിർ പി.പി ബോളിംഗിലും തിളങ്ങി. ഇവരുടെ മികച്ച പ്രകടനമാണ് ബാലുശ്ശേരി ഉപജില്ലയെ വിജയത്തിൽ എത്തിച്ചത്.
കെപിഎസ്ടിഎ കോഴിക്കോട് റവന്യു ജില്ലാ പ്രസിഡന്റ് ടി.ബിനു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാ ട്രഷറർ എം.കൃഷ്ണമണി, സംസ്ഥാന നിർവാഹക സമിതി അംഗം ടി ആബിദ്, ജില്ലാ കായിക മേളയുടെ കൺവീനർ കെ.ഇ നജീബ്, ജ്യോതിഷ് ജോൺ, ജുനൈദ്, ബാസിൽ, കെ.പി അരുൺ കുമാർ, പി. ജാസിർ എന്നിവർ നേതൃത്വം നൽകി. കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം കെ.പി മനോജ് കുമാർ സമ്മാന വിതരണം നടത്തി.