അത്തോളി: അത്തോളിയിലും സമീപ പ്രദേശങ്ങളിലും ബാങ്ക് അക്കൗണ്ടുകൾ വാടകയ്‌ക്ക് എടുത്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകം. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ കാക്കഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കൾ അത്തോളി പൊലീസിൽ പരാതി നൽകി. അക്കൗണ്ട് വഴി പണം കൈമാറി കൊടുത്താൽ പ്രതിഫലമായി നല്ലൊരു തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഒരു ലക്ഷം രൂപ അക്കൗണ്ട് വഴി മാറി കൊടുത്താൽ 5000 രൂപയോളം നൽകും. സ്ത്രീകളെയും വിദ്യാർത്ഥികളെയുമാണ് ഇവർ കൂടുതലായും തട്ടിപ്പിന് ഉപയോഗിക്കുന്നത്.
പണം കൈമാറിയതിനു ശേഷമാണു തട്ടിപ്പിന് ഇരയായ വിവരം അക്കൗണ്ട് ഉടമകൾക്ക് മനസ്സിലാകുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതോടെ ഇവർ സൈബർ തട്ടിപ്പ് കേസിലെ പ്രതികളാകുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോഴാണ് തട്ടിപ്പിനിരയായത് അറിയുന്നത്. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്ന് അത്തോളി പൊലീസ് അറിയിച്ചു.