Trending

‘അത് ദൈവത്തിന്‍റെ കൈ'; അത്ഭുതം കൊച്ചുകുഞ്ഞിന്‍റെ രക്ഷപ്പെടൽ, നടുക്കം മാറാതെ പിതാവ്


ചേളന്നൂർ: പൊടുന്നനെ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുന്നിലേക്ക് റോഡരികിൽ നിന്ന് ഓടിക്കയറിയ ഒരു കൊച്ചുകുട്ടിയുടെ അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ ദൃശ്യം ഇന്നലെ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അത് കാണുമ്പോൾ ആദ്യം നടുക്കവും പിന്നീട് ആശ്വാസവും തോന്നും. ലോറിക്ക് മുന്നിലേക്ക് ഓടിക്കയറിയ നിമിഷത്തിന്‍റെ ആഘാതത്തിൽ നിന്ന് താൻ ഇപ്പോഴും മോചിതനായിട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ദൈവത്തിന്റെ കരങ്ങളാണ് മകനെ കാത്തതെന്ന് ചേളന്നൂര്‍ സ്വദേശി ഹാരിസ് പറയുന്നു.

"മക്കളെയും കൊണ്ട് കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു. മകള്‍ ബൈക്കിൽ നിന്നും ഇറങ്ങി. മകൻ റോഡിലേക്ക് ഇറങ്ങിയത് കണ്ടില്ല. അപ്പോഴേക്കും ലോറി വന്നു. ഉടനെ കുഞ്ഞിന് നേരെ കൈനീട്ടി. ഒരു സെക്കന്‍റ് കൊണ്ട് എല്ലാം കഴിഞ്ഞു. കുടുംബവും നാട്ടുകാരുമെല്ലാം വിശ്വസിക്കുന്നത് ദൈവത്തിന്‍റെ കരം പ്രവർത്തിച്ചു എന്നാണ്. പടച്ചോൻ അവനെ പിടിച്ച് പുറത്തേക്കിട്ടു. വല്ലാത്തൊരു ഷോക്കായിരുന്നു. മനസ്സ് മരവിച്ചുപോയ അവസ്ഥയായിരുന്നു"- ഹാരിസ് പറഞ്ഞു.

ഇപ്പോൾ 10 മിനിട്ട് പുറത്തുപോയാൽ പെട്ടെന്ന് മകന്‍റെയടുത്ത് എത്തണമെന്ന തോന്നലാണെന്ന് ഹാരിസ് പറയുന്നു. ആ വീഡിയോ കാണുന്നവർക്ക് തന്നെ വല്ലാത്തൊരു അവസ്ഥയാണ്. അപ്പോൾ കയ്യെത്തും ദൂരത്ത് അതു കാണുന്ന രക്ഷിതാവായ തന്‍റെ അവസ്ഥയോ എന്ന് ഹാരിസ് ചോദിക്കുന്നു. വണ്ടി കയ്യിൽ നിന്ന് വീണുപോയി. ചുറ്റും കൂടി നിന്ന് ആളുകളൊക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഒന്നും പറയാൻ കഴിഞ്ഞില്ല. ശരീരമാകെ വിയർത്തു കുളിച്ചു. ഇല്ലാതായിപ്പോയ അവസ്ഥയായിരുന്നു. ഇത്രയും ഭയപ്പെട്ട അവസ്ഥ ജീവിതത്തിലുണ്ടായിട്ടില്ലെന്നും ഹാരിസ് പറയുന്നു.

Post a Comment

Previous Post Next Post