Trending

സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് സിസിടിവി പരിധി മനസിലാക്കി ആസൂത്രിത കവർച്ച; പ്രതികൾ പിടിയിൽ


കോഴിക്കോട്: നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ പ്രതികൾ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24), ബേപ്പൂര്‍ സ്വദേശി വിശ്വജിത്ത് (21), അഫ് ലഹ് ചെമ്മാടന്‍ (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് യുവാക്കളെ സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസും ചേര്‍ന്ന് വലയിലാക്കിയത്. മോഷണം നടന്ന അന്നുതന്നെ പോലീസ് ശാസ്ത്രീയ രീതിയില്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഡേ-മാര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ പൂര്‍ണമായും മുഖം മറച്ചിരുന്നതും കയ്യുറകള്‍ ധരിച്ചതും ആസൂത്രിതമായ കവര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടിയത്.

ഫറോക്കിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും കവര്‍ച്ച ആസൂത്രണം ചെയ്ത് പ്രതികള്‍ രാത്രി 2.30 ഓടെ ബൈക്കില്‍ നടക്കാവിലേക്ക് പുറപ്പെട്ടു. രണ്ടാഴ്ചയോളം ഡേ-മാര്‍ട്ടിൽ ജോലിചെയ്ത് ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി സിസിടിവിയുടെ ചിത്രീകരണ പരിധിയുള്‍പ്പെടെ സാങ്കേതിക സജ്ജീകരണങ്ങളെകുറിച്ചും സമീപത്ത് എവിടെയെല്ലാം മറ്റ് നിരീക്ഷണ ക്യാമറകളുണ്ടെന്നും മനസിലാക്കി. തുടർന്ന് നഗരത്തിലെ എ.ഐ ക്യാമറകളും സിസിടിവി ക്യാമറകളും കുറവുള്ള റൂട്ട് കണ്ടെത്തി പ്രതികള്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. മോഷണം നടത്തുമ്പോള്‍ ഒരാള്‍ പുറത്ത് കാവല്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു ആസൂത്രണം.

തുടക്കത്തില്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയ്ക്ക് പിന്നില്‍ സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുള്ള ആളാണെന്ന് സിറ്റി ക്രൈം സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മാനേജരുമായി പ്രശ്‌നമുണ്ടാക്കി ജോലി ഉപേക്ഷിച്ച് പോയ പ്രതിയിലേക്കെത്താന്‍ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം ശേഖരിച്ചത്. പോലീസിനെ വഴിതിരിച്ചുവിടാനായി പ്രതികള്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പുറപ്പെട്ട് തിരികെ അതേ സ്ഥലത്ത് തന്നെ എത്തുകയായിരുന്നു. പ്രതികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സമയം ട്രെയിന്‍ കടന്നുപോയിരുന്നുവെങ്കിലും അതിന് ഫറോക്കില്‍ സ്റ്റോപ്പ് ഉണ്ടാകാതിരുന്നത് കേസില്‍ വഴിത്തിരിവായി. 

വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ മാസം 20ന് തിരൂര്‍ മാര്‍ക്കറ്റിലെ മാങ്ങാടന്‍ ബില്‍ഡിങ്ങിലെ കടയിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ആഢംഭര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് മോഷ്ടിച്ചു കിട്ടിയ പണം ഉപയോഗിക്കുന്നത്. പ്രതികള്‍ക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post