തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. ദീർഘകാലമായി മലയാള സീരിയൽ രംഗത്ത് സജീവമായിരുന്നു ദിലീപ് ശങ്കർ. ചാപ്പ കുരിശ്, നോർത്ത് 24 കാതം, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ചു ദിവസം മുമ്പാണ് ദിലീപ് ശങ്കറും സംഘവും ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയത്. 27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറ പ്രവർത്തകർ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലിൽ എത്തിച്ചത്. രണ്ടു ദിവസമായി ദിലീപിനെ ഫോണിൽ ലഭിച്ചിരുന്നില്ല. അടുത്ത ദിവസത്തെ ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാൻ പ്രൊഡക്ഷൻ കൺട്രോളർ എത്തിയപ്പോഴാണ് ദിലീപ് ശങ്കറിനെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആരോഗ്യ പ്രശ്നമുള്ളതിനാലാണ് 27-ന് അദ്ദേഹത്തിന്റെ ഷെഡ്യൂൾ വേഗത്തിൽ പൂർത്തിയാക്കി റൂമിൽ എത്തിച്ചതെന്നും ഇവർ പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.