തിരുവനന്തപുരം: ഇന്നലെ നടന്ന പ്ലസ്‌വൺ കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ചോർന്നതായി ആരോപണം. കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇത്തരത്തിൽ പരീക്ഷയുടെ തലേദിവസം സ്വകാര്യ വാട്സ്ആപ്പ് ചാനൽ വഴി പുറത്തു വിട്ടിരുന്നു. 40 മാർക്കിന്റെ കൃത്യമായ ചോദ്യങ്ങളും മറ്റു ചില ചോദ്യങ്ങൾ നേരിയ വ്യത്യാസത്തിലുമാണ് ഓണ്‍ലൈന്‍ വാട്‌സാപ്പ് ചാനലിൽ വഴി പ്രചരിപ്പിച്ചത്. പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടടെയാണ് ചോദ്യങ്ങൾ ബുധനാഴ്ച പുലര്‍ച്ചയോടെ തന്നെ ചാനലിലൂടെ പ്രചരിപ്പിച്ചത്. ചാനല്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു എന്നും ചോദ്യങ്ങൾ നേരത്തെ അറിയാൻ കഴിയാത്തവർക്ക് പരീക്ഷ കഠിനമായിരുന്നുവെന്നും ആരോപണമുണ്ട്
കണക്കിന് പുറമെ കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യങ്ങളും ഇത്തരത്തിൽ പ്രവചിച്ചിരുന്നെന്നും ചോദ്യ പേപ്പറുകൾ ചോർത്തിയാണ് ഇത്തരത്തിൽ സ്വകാര്യ ഓൺലൈൻ പഠന സഹായി ചാനലുകൾ മുന്നോട്ട് പോകുന്നതെന്നും അധ്യാപകർ കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരില്‍ ചിലരാണ് ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നവർക്ക് ഇത്തരത്തിൽ ചോദ്യങ്ങൾ ചോർത്തി നൽകുന്നതെന്ന് പറയുന്നു. യൂട്യൂബ് ചാനലുകൾക്ക് റീച്ച് വർധിപ്പിക്കാൻ ചിലർ പണം നൽകി ചോദ്യങ്ങൾ ചോർത്തുന്നതായും ആക്ഷേപമുണ്ട്.
പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ചാനലുകൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ സബ്സ്ക്രൈബ് ചെയ്യുന്നു എന്നതാണ് ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് ഇത്തരം ചാനലുകളെ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന ഇത്തരം പ്രവണതയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശ്ശന നടപടി സ്വീകരിക്കണം എന്നാണ് അധ്യാപകരും രക്ഷിതാക്കളും അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.
Tags:
EDUCATION