Trending

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ; അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. ദുരന്തമുണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് അഞ്ചു മാസത്തിനു ശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിലേക്കു പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദർശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെടാൻ സംസ്ഥാനത്തിനു സാധിക്കും. എന്നാൽ കൂടുതൽ തുക അനുവദിക്കുന്നതിനെക്കുറിച്ച് കത്തിൽ വ്യക്തമായി പറയുന്നില്ല.

ദുരന്തത്തിൽ 298 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. 128 പേരെ കാണാതായതിൽ നിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മുണ്ടക്കൈ, ചൂരൽമല ഭാഗത്തുനിന്നും 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയിരുന്നത്. നിലമ്പൂർ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി. ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള വിശദ കർമ്മ പദ്ധതിക്ക് അടുത്ത മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകും. ടൗൺഷിപ് ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അംഗീകാരം നൽകുന്നത്.

Post a Comment

Previous Post Next Post