കോഴിക്കോട്: ജില്ല പഞ്ചായത്തിന്‍റെ രണ്ടു പ്രധാന പദ്ധതികൾ വൈകുന്നതിൽ ആശങ്ക. സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കലും ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതിയുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി കിട്ടാത്തതിനാൽ നീളുന്നത്. രണ്ടു പദ്ധതികൾക്കും 25 ലക്ഷം രൂപ വീതമാണ് ജില്ല പഞ്ചായത്ത് നീക്കിവെച്ചത്. സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കാനായി അപേക്ഷ ക്ഷണിക്കുകയും നവംബറിൽ തന്നെ 260 ഉദ്യോഗാർഥികളെ വിളിച്ച് അഭിമുഖം നടത്തുകയും ചെയ്തിരുന്നു. 45 പേരെ നിയമിക്കാനായിരുന്നു പദ്ധതി. ഇതിനായി ജില്ല പഞ്ചായത്തും ആസൂത്രണ സമിതിയും അനുവാദം നൽകിയതുമാണ്. എന്നാൽ, വിദ്യാഭ്യാസ വകുപ്പിന്‍റെ അനുവാദം ലഭിക്കാത്തതിനാൽ ഇവരെ നിയമിക്കാനാകാത്ത അവസ്ഥയാണ്.
സാമൂഹിക നീതി വകുപ്പാണ് സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. ഇതിനുപുറമെ ജില്ല പഞ്ചായത്ത് കൗൺസലർമാരെ നിയമിക്കുന്നതിലുള്ള അവ്യക്തതയാണ് നടപടി വൈകാൻ കാരണമെന്നാണ് അറിയുന്നത്. സാമൂഹികനീതി വകുപ്പ് നിയമിക്കുന്നവരുടെ എണ്ണം കുറവായതിനാലാണ് ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൗൺസലർമാരെ നിയമിക്കാൻ തീരുമാനമായത്. മൂന്നു വർഷങ്ങളിലായി ജില്ല പഞ്ചായത്ത് 25 കൗൺസലർമാരെ നിയമിച്ച് വിജയകരമായി പൂർത്തിയാക്കിയ പദ്ധതിയാണ് അധ്യയന വർഷം കഴിയാറായ സാഹചര്യത്തിലും ഇഴഞ്ഞുനീങ്ങുന്നത്. ജില്ലയിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ സർക്കാർ-എയ്ഡഡ് വിദ്യാർത്ഥികൾക്ക് യു.പി.എസ്.സി പരിശീലനം, എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് കോച്ചിങ്, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനായി പരിശീലനം നൽകുന്നതിനായുള്ള പദ്ധതിയും പാതിവഴിയിലാണ്.
സോഷ്യലി പ്രൊഡക്ടിവ് എസ്റ്റാബ്ലിഷ്മെന്‍റ് കോഴിക്കോട് (സ്പെക്) എന്ന് പേരിട്ട പദ്ധതിയിലേക്കായി ആദ്യഘട്ടത്തിൽ ജില്ലയിൽ പരീക്ഷ നടത്തി 300 കുട്ടികളെ തിരഞ്ഞെടുക്കുകയും 130 കുട്ടികൾക്ക് പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. അഞ്ചു വർഷത്തേക്കാണ് പരിശീലനം. നടക്കാവ് ഗേൾസ് ഹൈസ്കൂളിൽ ഇവർക്ക് പത്തോളം ക്ലാസും ഒരു ക്യാമ്പും നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി നിലച്ചുപോയത്. എന്നാൽ, രണ്ടു പദ്ധതികളും തുടരാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണെന്നും അനുമതി ലഭിക്കുന്ന മുറക്ക് ഉടൻ നടപ്പാക്കാൻ കഴിയുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി പറഞ്ഞു.