തിരുവമ്പാടി: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിൽ പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ കെ എംസിടി ആശുപത്രിയിലും ഓമശ്ശേരി ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരാണ്.