വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ കാർ യാത്രികരുടെ കൊടും ക്രൂരത. കാറിന്‍റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിലിടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമി സംഘം കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽ നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈ കാറിന്‍റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കൈകാലുകൾക്കും നടുവിനും ഗുരുതര പരിക്കുകളോടെ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമി സംഘം ഉപയോഗിച്ച KL52 H 8733 എന്ന നമ്പർ സെലേറിയോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും നേരെ പലതവണ കൈയേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.