കോഴിക്കോട്: വയനാട് ചെന്നലോട് മഹല്ല് ഖത്തീബ് കോഴിക്കോട് മലാപ്പറമ്പിൽ ബൈക്കപകടത്തിൽ മരിച്ചു. കാപ്പാട് ചെട്ടിയാം വീട്ടിൽ താഹിറിന്റെ മകൻ അത്തോളി കുടക്കല്ല് ദിറാർ ഹൗസിൽ മുഹമ്മദ് നഈം ഫൈസി (23) യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അരീക്കോട് സ്വദേശി ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഖുർആൻ മനപാഠമാക്കിയ മുഹമ്മദ് നഈം ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിൽ നിന്നും ജനുവരി ആദ്യവാരം സനദ് സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ എസ്കെഎസ്എഫ് സർഗ പരിപാടിയുടെ പ്രചരണം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്ക യാത്രയിൽ മലാപ്പറമ്പിൽ വെച്ചായിരുന്നു അപകടം. നഈം ഫൈസിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് യുവാവിൻ്റെ ദാരുണമായ അന്ത്യം. മൃതദ്ദേഹം കാപ്പാട് മഖാം പള്ളിയിൽ ഖബറടക്കി. മാതാവ്: റൈഹ (തോട്ടോളി അത്തോളി), സഹോദരങ്ങൾ: മുഹമ്മദ് തമീം, മുഹമദ് ജനിം.