താമരശ്ശേരി: ഗവ.താലൂക്ക് ആശുപത്രികളില്‍ സര്‍ക്കാര്‍ ഇൻഷുറന്‍സ് പദ്ധതികളുടെ പരിരക്ഷ രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. അഡ്മിറ്റാകുന്ന രോഗികള്‍ മരുന്നിനും പരിശോധനകള്‍ക്കും പണം നല്‍കേണ്ട അവസ്ഥയിലാണിപ്പോള്‍.
സര്‍ക്കാര്‍ ഇൻഷുറന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത വന്നതോടെ ഇവരെല്ലാം പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയതാണ് രോഗികള്‍ക്ക് ദുരിതമായത്. ആരോഗ്യകിരണം, കാസ്പ്, ജനനി ശിശു സുരക്ഷ കാര്യക്രം തുടങ്ങിയ പദ്ധതികളിലെ രോഗികളാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ ഇൻഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ബാധ്യത വന്നതോടെ മുമ്പ് മരുന്നും പരിശോധനയും നടത്തിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പദ്ധതിയുമായി സഹകരിക്കുന്നില്ല. ഇതുകാരണം രോഗികള്‍ പണം കൊടുത്താണ് മരുന്നും പരിശോധനയും നടത്തുന്നത്.
അധികൃതര്‍ മരുന്നിന്റെയും പരിശോധനയുടെയും ബില്‍ വാങ്ങി നല്‍കിയാല്‍ പദ്ധതിയിലൂടെ പണം നല്‍കുമെന്ന് രോഗികളെ അറിയിച്ചതായി പറയുന്നുണ്ട്. എന്നാല്‍, ലക്ഷങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുള്ള സാഹചര്യത്തില്‍ രോഗികള്‍ക്ക് ചെലവഴിക്കുന്ന പണം ലഭിക്കുമോയെന്നാണ് ആശങ്ക.