Trending

നടിയെ ആക്രമിച്ച കേസിൽ പ്രധാന സാക്ഷിയായ സംവിധായൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു


ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post