Trending

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്


ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എയിംസിലെത്തിയിരുന്നു. കർണാടകയിലെ ബലഗാവിയിൽ നിന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിലേക്ക് യാത്ര തിരിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004-2014 വർഷങ്ങളിൽ യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.

1932 സെപ്റ്റംബർ 26ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മൻമോഹൻ സിംഗിന്റെ ജനനം. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകൾക്കിടയിലും മൻമോഹൻ സിംഗ് പഠനത്തിൽ മികവ് പുലർത്തി. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടി. പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി, 1957-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, 1962-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡിഫിൽ നേടി.

Post a Comment

Previous Post Next Post