കോഴിക്കോട്: കുന്നത്തുപാലം ഒളവണ്ണ ജംക്‌ഷനു സമീപമുള്ള ടയർ കടയിൽ നിന്നും പണം കവർന്ന യുവാവ് പിടിയിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് വെള്ളിയാഴ്ച പുലർച്ചയോടെ പാലാഴി പാൽ കമ്പിനിക്ക് സമീപത്തു നിന്നും പിടിയിലായത്. ഡിസംബർ 01 ന് പുലർച്ചെയാണ് കടയിൽ നിന്നും 10,000 രൂപ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷണ ശേഷം ജില്ലയ്ക്ക് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് ഒളിവിൽപോയ പ്രതി പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലായി വാഹന മോഷണത്തിനും പിടിച്ചുപറിക്കും പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അസിസ്റ്റന്റ് കമ്മിഷണർ എ.എം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള നല്ലളം പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നല്ലളം പൊലീസ് സ്റ്റേഷൻ എസ്ഐ പി.ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Tags:
KOZHIKODE