കണ്ണൂർ: കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന കണ്ണൂര്‍ ജില്ലയിലെ പാനൂർ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളാണ് പോസിറ്റീവായത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ സംഘം അറിയിച്ചു. കണ്ണൂർ ജില്ലയിൽ 2 എം പോക്സ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപ് വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു.
രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഇരുവരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ തയ്യാറാക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Tags:
HEALTH