കൊച്ചി: മുംബൈ പോലീസ് എന്ന വ്യാജേന എറണാകുളം സ്വദേശിയുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കെയ്യാപ്പറമ്പിൽ കെ.പി ജാഫർ (23) ആണ് കൊച്ചി സൈബർ പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞ ജാഫറിനെ കണ്ണൂരിൽ നിന്നാണ് പോലീസ് പിടിച്ചത്. ഒന്നാം പ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തശേഷം സൈബർ പോലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പണം കൈമാറിയ ബാങ്ക് അക്കൗണ്ടും മറ്റ് ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
എറണാകുളം സ്വദേശിയെ ഡിജിറ്റൽ അറസ്റ്റിലായെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന് കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരനെന്ന പോരിൽ ഫോൺ കോളെത്തി. പരാതിക്കാരന്റെ മുംബൈയിലെ വിലാസത്തിൽ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്കു നിയമവിരുദ്ധമായി എ.ടി.എം. കാർഡ്, ലാപ്‌ടോപ്, പണം, രാസലഹരി എന്നിവ അയച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തൊട്ടുപിന്നാലെ മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ വിളിവന്നു. കൂറിയർ അയച്ച സംഭവത്തിൽ സി.ബി.ഐ. കേസ് റജിസ്റ്റർ ചെയ്തുവെന്നായിരുന്നു സന്ദേശം. ബാങ്ക് അക്കൗണ്ട് കോടതിയിൽ വെരിഫൈ ചെയ്യണമെന്നും അതിനുള്ള പണമായി നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പേടിച്ച് പണം കൈമാറിയ പരാതിക്കാരൻ പിന്നീടാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
Tags:
KERALA NEWS