മലപ്പുറം: മലപ്പുറത്ത് കണതായ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ. പൂക്കോട്ടുംപാടം തോട്ടക്കര സ്വദേശി സഹീദിന്റെ മകൻ ഹാഷിം (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊട്ടിക്കല്ല് കമുകിൻ തോട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മുടിവെട്ടാനെന്ന് പറഞ്ഞാണ് ഹാഷിം വീട്ടിൽ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഇന്നലെ മുതൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാൽ തെന്നി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഹാഷിം.