Trending

ബാലുശ്ശേരിയിൽ റോഡിലെ സീബ്രാലൈൻ മാഞ്ഞുപോയതിൽ പ്രതിഷേധിച്ച് ശയന പ്രദക്ഷിണം


ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ റോഡിൽ സീബ്രാലൈൻ ഇല്ലാതായിട്ട് ഒരു വർഷമാകുന്നു. സീബ്രാലൈൻ ഇല്ലാത്തതിനാൽ അപകടം പതിവായിരിക്കെയാണ്. കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാനപാത ആധുനികവത്‌കരിച്ചപ്പോഴാണ് സീബ്രാ ലൈൻ വരച്ചത്. അവ മാഞ്ഞുപോയിട്ടും പകരം വരയ്ക്കാൻ ഇനിയും സംവിധാനമായിട്ടില്ല. ബാലുശ്ശേരി ടൗണിൽ ബസ്‌സ്റ്റാൻഡിനു മുൻവശം, കൈരളി റോഡ് ജംഗ്ഷൻ, ചന്തയ്ക്കു മുൻവശം, പോസ്റ്റ് ഓഫീസ് റോഡ്, ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുൻവശം, വൈകുണ്ഡം വിഷ്ണുക്ഷേത്രത്തിന് മുൻവശം എന്നിവിടങ്ങളിലായിരുന്നു സീബ്രാലൈൻ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സീബ്രാ ലൈൻ വരയ്ക്കാനുള്ള സംവിധാനങ്ങളുമായി കരാറുകാരൻ എത്തിയിരുന്നു. മഴയും ഗതാഗതക്കുരുക്കും കാരണം ലൈൻ വരയ്ക്കാതെ മടങ്ങുകയാണുണ്ടായത്. എന്നാൽ മഴ മാറിയിട്ടും നടപടിയുണ്ടായില്ല.

സീബ്രാലൈൻ ഇല്ലാത്തതിനാൽ ടൗണിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. പോസ്റ്റോഫീസ് റോഡ് ഭാഗത്താണ് അപകടം പെരുകുന്നത്. ഇതിനിടയിൽ പത്തോളം പേർക്ക് വാഹനങ്ങൾ തട്ടി പരിക്കേൽക്കുകയുണ്ടായി. ടൗണിൽ സീബ്രാലൈൻ വരയ്ക്കാൻ സന്നദ്ധ സംഘടനകളും ബാലുശ്ശേരി പോലീസും തയ്യാറായപ്പോൾ ഒരു മാസത്തിനുള്ളിൽ സീബ്രാലൈൻ വരയ്ക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. പക്ഷേ മാസം രണ്ടുകഴിഞ്ഞിട്ടും നടപടിയായില്ല. ബാലുശ്ശേരി ബസ് സ്റ്റാൻഡിനു മുൻവശം, കൈരളി റോഡ്, പോസ്റ്റോഫീസ് റോഡ് എന്നിവിടങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ യാത്രക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണുള്ളത്. ബാലുശ്ശേരി ബസ്‌സ്റ്റാൻഡിന്റെ മുന്നിലാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ബാലുശ്ശേരി ടൗണിനടുത്ത രണ്ട് ഹയർസെക്കൻഡറി സ്കൂളുകൾ വിടുന്ന സന്ദർഭങ്ങളിലും രാവിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുമ്പോഴും ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡുമാർ ഇല്ലാതിരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വലിയ ദുരിതമാണ്.

വിവിധ സംഘടനകൾ ഇതിനോടകം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. നേരത്തെയുണ്ടായിരുന്ന എസ്റ്റിമേറ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതിയ എസ്റ്റിമേറ്റും സംവിധാനങ്ങളും ഒരുക്കി ജനുവരി അവസാനത്തിനു മുൻപ് സീബ്രാലൈൻ നിർമ്മിക്കാനുള്ള സംവിധാനം ഒരുക്കും എന്നാണ് ബാലുശ്ശേരി പി.ഡബ്ല്യു.ഡി. അധികൃതരുടെ വിശദീകരണം. സീബ്രാ ലൈൻ ഉടൻ വരയ്ക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ മനോജ് കുന്നോത്ത് ബാലുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും പൊതുമരാമത്ത് വകുപ്പ് ഓഫീസ് വരെ ശയനപ്രദക്ഷിണം നടത്തി. നിരവധി സാമൂഹിക പ്രവർത്തകർ മനോജിന് പിന്തുണയുമായി എത്തിയിരുന്നു. മനോജിന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി. എഞ്ചിനീയർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post